Saturday, February 11, 2017

.കൃതിയും  വികൃതിയും
നമ്മൾ  എന്തു
 കൊണ്ടാണ് ചിരിക്കുന്നത് ? എന്ന് വെച്ചാൽ എന്തു കണ്ടാലും കേട്ടാലുമാണ് നമുക്ക് ചിരി വരിക .?ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത് ജീവജാലങ്ങളും വസ്തുക്കളും സാധാരണയിൽ വ്യത്യസ്തമായി പെരുമാറുമ്പോഴാണ് എന്നത്രേ ചുരുക്കത്തിൽ വികൃതി കാണുമ്പോഴാണ് ,കേൾക്കുമ്പോഴും, ആളുകൾ ചിരിക്കുന്നത്
 സങ്കല്പിക്കാൻ കഴിയുന്നതിൽ ഏറ്റവും വലിയ വികൃതിയാണ് സൂര്യൻ പടിഞ്ഞാറുദിക്കുക എന്നത് .ഭൂമി തിരിച്ചു കറങ്ങുമ്പോഴാണല്ലോ അത് സംഭവിക്കുക .തികച്ചും അസാധ്യമെന്നു  കരുതപ്പെട്ടിരുന്ന ആ വികൃതി യാഥാർഥ്യമാവാൻ പോകുന്നു വത്രേ അങ്ങിനെ വന്നാൽ ഉണ്ടാവുന്ന അനർത്ഥങ്ങളുടെ സരസ വർണ്ണനയാണ്  റിവേഴ്സ് ഗിയറിലോടുന്ന ഭൂമി എന്ന ലേഖനം ഉദയാസ്തമയങ്ങളുടെ ദിശാ വ്യതിയാനങ്ങൾക്കൊപ്പം എന്തെല്ലാമാണ് മാറുന്നത് .പക്ഷെ ഈ വര്ണനകളെക്കാൾ ഈ ലേഖനത്തെ ശ്രദ്ധേയമാക്കുന്നത് അങ്ങിനെയൊരു തീരുമാനമെടുക്കാൻ ഭൂമിയെ പ്രേരിപ്പിച്ച കാരണങ്ങളുടെ കണ്ടെത്തലും വിശദീകരണവുമാണ് .
ഈ അടുത്ത കാലം വരെ ഉദയ സൂര്യൻ കണി കണ്ടിരുന്നത് പൂമുഖത്ത് ചാരു കസേരയിൽ ശാന്ത ഗംഭീരമായി ഇരുന്നരുളിയിരുന്ന മുത്തശ്ശനെയായിരുന്നു .പക്ഷെ ഇപ്പോൾ ആ സ്ഥാനം അലങ്കരിക്കുന്നത് തേച്ചു മിനുക്കിയ ഒരു വലിയ ഉപ്പു മാങ്ങാ ഭരണിയാണ് .പുതിയ രീതിയിൽ പണികഴിപ്പിച്ച വീടിന്റെ സ്വീകരണ മുറി യാണല്ലോപഴയ പൂമുഖത്തിന്റെ സ്ഥാനത്തിപ്പോൾ അവിടത്തെ അലങ്കാര വസ്തുക്കളിൽ പ്രമുഖ സ്ഥാനം ഉപ്പുമാങ്ങാഭരണിക്കാണ് .അപ്പോൾ മുത്തശ്ശനെവിടെ ,അരികത്തിരുന്നു 'വെറെമ്മാൻ' ഇടിച്ചു  കൊടുത്തിരുന്ന ശ്രീത്വം തികഞ്ഞ ആ മുത്തശ്ശിയും ?അവരുണ്ട് പടിഞ്ഞാറേ ചായ്‌പിൽ ഉപേക്ഷിക്കപ്പെട്ട ജംഗമ സാധങ്ങൾക്കൊപ്പം .ആദിത്യ ഭഗവാന് ഈ മാറ്റം ഉൾക്കൊള്ളാനായില്ല.അവിടത്തേക്ക് മുത്തശ്ശനേയും മുത്തശ്ശിയേയും തന്നെ കണി കാണണമെന്ന് നിർബന്ധം .അതു കൊണ്ടാണത്രേ ഭൂമിയോട് തിരിഞ്ഞു കറങ്ങാൻ കല്പിച്ചത് .
    ഈ ലേഖനം വായിച്ച് നമ്മൾ ചിരിക്കും ;ഒപ്പം ചിന്തിക്കുകയും ചെയ്യും .ആ ഉപ്പുമാങ്ങാ ഭരണിയുടെ പ്രതീക ഭംഗി അവഗണിക്കാനാവുമോ ? ഓണത്തേക്കാൾ നമുക്കു പ്രിയങ്കരമായിരുന്ന മാമ്പഴക്കാലത്തിന്റെ സമ്മാനങ്ങൾ തുടർന്നു വരുന്ന മഴക്കാലത്തേക്കുംസൂക്ഷിച്ചുവെച്ചിരുന്നത്  ആ ഭരണിയായിരുന്നുവല്ലോ മാവും മാമ്പഴ കാലവും മാത്രമല്ല നമ്മുടെ  കാർഷിക സംസ്കൃതിയാകെ തന്നെ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞ ഇക്കാലത്ത് ,മാമ്പഴം മാത്രമല്ല ഓണപ്പൂക്കളും നാലേ കേരവും കൂടി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കു മതി ചെയ്യേണ്ട അവസ്ഥയിലേക്ക് പരിഷ്കൃതരാക്കപ്പെട്ടിരിക്കുന്നു നമ്മൾ എന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു ,ചിരിപ്പിച്ച് കൊണ്ട്.
   അച്ഛനമ്മമ്മാരെ നടതള്ളുന്നത് അപവാദമാണ് എന്നാണു നാം ധരിച്ചിരിക്കുന്നത് .പക്ഷെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്ഥാനമാറ്റം പൊതു നിയമം തന്നെയാണ് .അവരുടെ ശ്രീത്വം എന്നത് ഒരു പഴഞ്ചൻ കാഴ്ചപ്പാടാണ് .മണിമന്ദിരങ്ങളുടെ ദൃശ്യഭംഗിക്ക് കളങ്കം ചേർക്കുന്ന വൈകൃതങ്ങളായി മാറിയിരിക്കുന്നു അവർ.താത്വിക വിശകലങ്ങൾക്കൊന്നും ലേഖനം മുതിരുന്നില്ല .ആലോചിക്കണമെന്നും പറയാതെ പറയുന്നതേ ഉള്ളു .
     സംസ്കാരമുള്ള ഒരു പൗര സമൂഹത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം .ആ പ്രക്രിയയിൽ ശിക്ഷ എന്നത് ഒരനിവാര്യ ഘടകമാണ് .ശതാഭിഷിക്തനായ പഴയ ഹെഡ് മാസ്റ്റർ ചാക്കോ സാറിന്റെ അഭിപ്രായമാണ് .ചാക്കോ സാർ മാത്രമല്ല ആ തലമുറയിൽ പ്പെട്ട മിക്ക അദ്ധ്യാപകരും അങ്ങിനെ തന്നെ വിശ്വസിച്ചിരുന്നു .ചാക്കോ സാർ കഠിന മായി ശിക്ഷിച്ചിരുന്ന  പല വിദ്യാർത്ഥികളും ഇന്ന് വളരെ ഉയർന്ന നിലയിലാണ് .അവരിൽ പലരും അദ്ദേഹത്തെ വന്നു കാണാറുമുണ്ടെന്നു മാത്രമല്ല പണ്ട് വാങ്ങിയ ശിക്ഷകൾ . അഭിമാന പൂർവം അനുസ്മരിക്കാറുമുണ്ട് .അതു പറഞ്ഞിട്ടെന്തു കാര്യം .ഇപ്പോൾ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റകരമാണ്.മാത്രമല്ല അക്രമണോല്സുകത കാണിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതി വരുന്നു .ഇത് പത്രം വായിച്ചറിഞ്ഞ ചാക്കോ സാർ അക്രമണോല്സുകരായിരുന്ന വിദ്യാര്തഹികളെ താൻ കൈകാര്യം ചെയ്തിരുന്ന രീതിയെ  കുറിച്ച് ആലോചിക്കുന്നതിന്റെ വർണ്ണനയാണ്  ചാക്കോ സാറും വിഭക്തി പ്രത്യയവുമെന്ന ഒന്നാം ലേഖനം.തരാം കിട്ടുമ്പോഴൊക്കെ ചെറിയ കുട്ടികളെ ഉപദ്രവിക്കുന്നരാമകൃഷ്ണന്റെ കരണത്തടിക്കാനും  ,അക്ഷരം ശരിയായി ഉച്ചരിക്കാൻ ശ്രമിക്കാത്ത മുഹമ്മദിന്റെ തോർത്ത് മുണ്ടഴിച്ച് ചൂരൽ പ്രഹരം നൽകാനും   മാത്രമല്ല വഴിക്കണക്ക് കണ്ടെഴുതിക്കൊണ്ടു വന്ന പൊന്നമ്മയുടെ തുടയ്ക്ക് തൊലി പൊളിഞ്ഞു  പോകും വിധം നുള്ളാനും ചാക്കോ സാറിനു മടി യൊന്നുമുണ്ടായിരുന്നില്ല .അവസാനം പറഞ്ഞ ശിക്ഷാവിധിയുടെ കാര്യത്തിൽ ചാക്കോ സാറിനു പറ്റിയ അമളി നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നു .
      കുഞ്ഞാമിനയുടെ നവാഗതാർത്തവത്തെ വർണ്ണിക്കുന്ന 'ഇതിഹാസ 'ഖണ്ഡം ഇന്നും നമ്മെ പുളകം    കൊള്ളിക്കുന്നുണ്ടല്ലോ .അതിനേക്കാൾ ഒട്ടും താഴെയല്ല  ശശാങ്കന്റെ ഈ ഭാഗത്തെ ആഖ്യാനവും .
അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിലെ അനാശാസ്യ പ്രവണതകളെ ക്കുറിച്ചുള്ള പത്ര വാർത്തകൾകാണുമ്പോഴൊക്കെ  പോയ നല്ല കാലത്തെ കുറിച്ചുള്ള ഗൃഹാതുര സ്മരണകൾ അയവിറക്കുകയാണല്ലോ പഴയ തലമുറയിൽ പെട്ടവർ ചെയ്യാറുള്ളത് .പഴയ കാലത്തും ഇങ്ങിനെയൊക്കെയുണ്ടാവാറുണ്ടായിരുന്നു വെന്ന് ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു .മനുഷ്യന്റെ നൈസർഗ്ഗിക ചോദനകൾ മനുഷ്യ നിർമ്മിത നിയമങ്ങൾക്ക് വിധേയമാക്കാൻ വിസമ്മതിക്കും എന്നത് എക്കാലത്തും പ്രസക്തമായ സത്യമാണ്. ചാക്കോ സാറിന്റെ സ്മരണകളിലും അങ്ങിനെയൊന്നും പച്ചപിടിച്ചു നിൽക്കുന്നു ഒരു മുതിർന്ന വിദ്യാർത്ഥിയും ചെറുപ്പക്കാരിയായ അദ്ധ്യാപികയും തമ്മിലുള്ള ബന്ധം .പക്ഷെ അത് പത്ര വാർത്ത പോയിട്ട് സംസാര വിഷയം പോലുമാകാതെ  കൈകാര്യം ചെയ്യാൻ അദ്ദ്യാപികയുടെ പിതാവ് കൂടിയായ അന്നത്തെ പ്രധാനാധ്യാപകന് കഴിഞ്ഞു .പരിണിത പ്രജ്ഞനായ  അദ്ദേഹം ആ പ്രശനം പരിഹരിച്ച രീതി പോലെ തന്നെ പ്രശംസനീയമാണ് അതിന്റെ ആഖ്യാനം നിർവഹിക്കുന്നതിൽ ശശാങ്കൻ കാണിക്കുന്ന കയ്യടക്കവും .
     ഇക്കാലത്ത് ഏതാണ്ടെല്ലാ പ്രധാന സ്ഥലങ്ങളിലുമുണ്ട് നിശബ്ദത പാലിക്കുക എന്ന ബോർഡ് .ചുറ്റുപാടും കേൾക്കുന്ന കാതടപ്പിക്കുന്ന ശബ്ദ ഘോഷങ്ങളാവാം അത്തരം ഒരു വിജ്ഞാപനത്തിനു പ്രേരകമാവുന്നത് ..ഓരോ കാലത്തും ഓരോ സംസ്കൃതിക്കും ഒരു ശബ്ദ പശ്ചാത്തലം കൂടിയുണ്ട് എന്ന വസ്തുത വിസ്മരിച്ച് കൂടാ .ഓണപ്പാട്ടുകളും സന്ധ്യാനാമവും പള്ളിമണികളും മറ്റും ചേർന്ന ഒരു ശബ്ദ സംസ്കൃതി നമുക്കുണ്ടായിരുന്നു .അതിന്റെ സ്ഥാനത്ത് ഇന്നുള്ളത് ശബ്ദാസുരന്റെ കർണ്ണ കടോരമായ ഗർജ്ജനങ്ങളാണെന്ന് ആഖ്യാതാവ് പറയുന്നു .ശരിയാണ് കൃഷിയിടങ്ങൾ തരിശാ യതോടെ ഉഴവുകാരന്റെ പദാർത്ഥ രഹിതമായ സംഗീതം ഇനി വരാത്ത വണ്ണം പോയ്മറഞ്ഞു .സാംധ്യാ നാമത്തിനു പകരം കാസറ്റുകളും സി ഡി കളും ദേവസ്ഥാനങ്ങളിൽ നിന്ന് പോലും  കാതടപ്പിക്കുന്ന ശബ്ദങ്ങൾ .ഇതിൽ നിന്നുണ്ടാവുന്ന നിരാശയാണ് 'മിണ്ടരുത് മാഡം അകത്തുണ്ട് എന്ന ലേഖനത്തിന്റെ വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും ഇതൊരു നർമ്മ ലേഖനമല്ല ;ഗൗരവ പൂർവം വായിക്കപ്പെടേണ്ടതാണ് . സമാഹാരഥത്തിലെ ഏറ്റവും നല്ല ലേഖനം മാത്രമല്ല സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച ഗദ്യ രചനകളിൽ ഒന്ന് കൂടിയാണിത് .
  ഒരു കാര്യം കൂടി .ശബ്ദാസുരന്റെ കാതടപ്പിക്കുന്ന ഗർജ്ജനങ്ങളെന്നു ലേഖനം വിശേഷിപ്പിക്കുന്ന ശബ്ദ സഞ്ചയത്തെ ക്കുറിച്ച് ഗൃഹാതുരത്വമുണർത്തുന്ന ഒരു ലേഖനം അമ്പത് വർഷത്തിന് ശേഷം എഴുതപ്പെട്ടു കൂടായ്കയില്ല
   സമാഹാരത്തിലെ മറ്റു ലേഖനങ്ങളും വളരെ നല്ല നിലവാരം പുലർത്തുന്നവ തന്നെയാണ് . ലേഖനങ്ങളുടെ സവിശേഷത അവ വായിച്ച് ചിരിച്ച് ചിരിച്ച് ഒടുവിൽ വായനക്കാരൻ കണ്ണ് തുടക്കേണ്ടി വരുന്നു എന്നതാണ് അയാൾ ഗൗരവമുള്ള പല കാര്യങ്ങളെയും കുറിച്ചോർക്കുന്നു ,ചിന്തിക്കുന്നു ,ഒടുവിൽ കുറ്റപ്പെടുത്തുന്ന ഒരു വിരൽ തന്റെ നേർക്ക് തന്നെ ചൂണ്ടുന്നു .ഉദാത്തമായ ഹാസ്യത്തിന്റെ ധർമ്മ അതാണല്ലോ