Friday, January 22, 2021

 22 -1 -21 

      പേരിലെ  'കുറത്തിയാടൻ 'ആണ് ആദ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് .ഞങ്ങളെയൊക്കെ ഒരുകാലത്ത് 'കുറത്തിയാടന്മാർ' എന്നു പരിഹാസത്തോടെ വിളിച്ചിരുന്നു കൂടുതൽ പരിഷ്കൃതരെന്നു സ്വയം വിശ്വസിച്ചിരുന്ന പടിഞ്ഞാറൻ ഓണാട്ടുകരക്കാർ പണ്ട് .ഇപ്പോൾ കാലം  മാറി .എന്തായാലും കുറത്തിയാടൻ പേരിന്റെ ഭാഗമാക്കിയ ആളെ പരിചയപ്പെടണമെന്നു തോന്നി .ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .അത് അക്‌സെപ്റ് ചെയ്തു വന്നപ്പോൾ മനസ്സിലായി നാട്ടുകാരൻ മാത്രമല്ല പ്രദീപ് .തലമുറകളായി എന്റെ വീടുമായി സൗഹൃദം പുലർത്തിയിരുന്നവരുടെ പിന്മുറക്കാരനുമാണ് ..

    പ്രദീപ് ഫോണിൽ സംസാരിച്ചു .ജ്യേഷ്ഠൻ പ്രകാശുമൊത്ത് വീട്ടിൽ വന്നു .വളരെ നേരം സംസാരിച്ചിരുന്നു .ആയിടെ പ്രദീപ് സെക്രട്ടറി ആയിരിക്കുന്ന ഒരു വലിയ സംഘടനയുടെ വാർഷിക യോഗത്തിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടു ..സ്വാഗതപ്രസംഗത്തിൽ അദ്ദേഹം സദസ്സിൽ പിൻനിരയിൽ ഇരുന്നിരുന്ന എന്നെ പരാമർശിച്ചു .പ്രശസ്തരായ രണ്ടു വനിതാപ്രൊഫെസ്സർമാർ ,ഒരു ശ്രെഷ്ഠ വൈദികൻ തുടങ്ങിയവർ വേദിയിൽ ,മാവേലിക്കരയിലെ പൗരമുഖ്യർ സദസ്സിൽ .അവിടെ പരാമർശിക്കപ്പെടുക ഒരു വലിയ ബഹുമതിയായിരുന്നു .

     കുറെ നാൾ കഴിഞ്ഞു എന്റെ എറണാകുളത്തെ വീട്ടിലേക്ക് ഒരു ഫോൺ വന്നു .രാത്രി വൈകി .പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് .പ്രദീപായിരുന്നു .ഒരു പുതിയ ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു.അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് .ഇപ്പോൾ കോട്ടയത്തുണ്ട്, ഒരു സ്നേഹിതന്റെ വീട്ടിൽ.അടുത്ത് തന്നെ എറണാകുളത്തു വരുന്നുണ്ട് കാണാൻ .പുതിയ സംരംഭത്തിന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..ഞാൻ കഴിയുന്ന എന്തു സഹായവും ചെയ്യാം എന്നു മറുപടിയും പറഞ്ഞു .പക്ഷേ എന്തുകൊണ്ടോ പിന്നീട് വിളിയും കാണലുമൊന്നും ഉണ്ടായില്ല .പ്രദീപിന് തന്റെ തിരക്കുകളുണ്ടായിരുന്നിരിക്കാം .ഞാൻ വിദേശം പോവുകയും വരികയും ചെയ്തു ഒന്നിലധികം തവണ ..ഞങ്ങളുടെ വഴികൾ കൂട്ടി മുട്ടിയില്ല .ഓൺലൈൻ സൗഹൃദം നിരന്തരസമ്പർക്കമില്ലെങ്കിൽ കാലക്രമത്തിൽ മാഞ്ഞു പോകും ..ഇക്കാര്യത്തിൽ അതുണ്ടാവരുതെന്ന് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു .കാരണം എന്റെ വംശാവലി ചരിതത്തിലെ മുഖ്യ അതിഥികഥാപാത്രങ്ങളാണ് പ്രദീപിന്റെ അപ്പൂപ്പനും വല്യച്ഛനും .ഒരു ഓൺലൈൻ സൗഹൃദമായി പരിമിതപ്പെടുത്തേണ്ടതല്ല ഞങ്ങളുടെ ബന്ധം .അതുകൊണ്ട് മാവേലിക്കര പോകുമ്പോൾ പ്രദീപിന്റെ വീട്ടിൽ കയറണമെന്നു ഞാൻ തീർച്ചപ്പെടുത്തി ..

     പോകാൻ കഴിയുന്നതിനുമുമ്പ് കൊറോണ എത്തി .എല്ലാം തകിടം മറിഞ്ഞു .എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല .എല്ലാം ശരിയാവട്ടെ എന്നു കരുതി ....അപ്പോഴേക്കും വിധി ഒരു പെട്ടിവണ്ടിയുടെ രൂപത്തിൽ പ്രദീപിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലെത്തി ....

    ഇനി എന്തെഴുതാൻ ...കൊറോണക്കാലത്തിന്റെ അസ്വസ്ഥത ,അത് സൃഷ്ടിച്ച വിയോഗങ്ങളുടെ വേദന എന്നെ നിസ്സഹായനാക്കുന്നു .ഭാഷ വഴങ്ങുന്നില്ല ,വാക്കുകൾക്ക് ദാരിദ്ര്യം ......

   ഒരു കാര്യം എന്നാലും എടുത്തു പറയാതെവയ്യ  .ഞാനീയിടെ 'മാടപൊലച്ച' വായിച്ചു .മലയാളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത .മാത്രമല്ല മലയാളകവിതയിൽ ഉണ്ടാവേണ്ട ,ഉണ്ടാവാൻ പോകുന്ന ദിശാവ്യതിയാനത്തിന്റെ ആദ്യസൂചകങ്ങളാണ് മാട പൊലച്ചയും ക്ടാത്തിയുടെ ചാവും ............മലമോളി ചൂര്യനെത്തി മൂരി നിവർത്തിയത് മലയാള കവിതയുടെ ആകാശത്താണ് .പ്രദീപ് കാണുന്നുണ്ടായിരിക്കാം അദൃശ്യനായി നിന്ന് .മദ്ധ്യ തിരുവിതാംകൂറിലെ കാർഷിക സംസ്കൃതിയുടെ പദാവലിയും  ബിംബങ്ങളും ഉപയോഗിച്ച് ഇത്രയും മനോഹരമായ കവിത സൃഷ്ടിക്കാൻ പ്രദീപിനെ പോലെ അധികമാരും ഉണ്ടായിരുന്നില്ല .അതാണ് നമ്മുടെ സംസ്കാരത്തിന് കുറത്തിടാൻ നൽകിയ ഏറ്റവും വലിയ സംഭാവന .










  






Tuesday, October 20, 2020

 19 -10 -2020 

   ഒരാൾ കൂടി ഓർമ്മയായി .വല്ലാത്ത കാലം .വയ്യ എന്നറിഞ്ഞിട്ട് ഒന്നുപോയി കാണാൻ കൂടി സാധിക്കാത്ത അവസ്ഥ ..ഒരു സഹപ്രവർത്തക എന്നു പറഞ്ഞാൽ ഒന്നും ആവുന്നില്ല .സ്നേഹിത ,പ്രിയസഹപ്രവർത്തക എന്നൊക്കെയായാലോ ?വാക്കുകൾക്ക് മനസ്സിലുള്ളതിനെ വെളിപ്പെടുത്തുന്നതിനുള്ള ശേഷിയില്ല .ഉപയോഗം കൊണ്ട് തലയും പുലിയും തേഞ്ഞു മാഞ്ഞുപോയ വിലയില്ലാത്ത ലോഹക്കഷണങ്ങൾ മാത്രമാണ് വാക്കുകൾ എന്ന് നീഷേ പറഞ്ഞത് എത്ര വാസ്തവം !

     വാല്സല്യനിധിയായ ജ്യേഷ്ടസഹോദരി എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയായിരിക്കും .അങ്ങിനെ എന്തൊക്കെയോ ആയിരുന്നു എനിക്ക് ശാന്ത .അമ്പത്തൊന്നു കൊല്ലം മുമ്പ് ഏ ജിസോഫീസിൽ ജോലിക്കു ചേർന്ന ഞാൻ അവിടെ ആദ്യം പരിചയപ്പെട്ട സഹപ്രവർത്തക .പോസ്റ്റിങ്ങ് ഓർഡറുമായി പുന്നൻ റോഡിലെ വാടക കെട്ടിടത്തിലെ അനെക്സിലേക്ക് കടന്നു ചെന്നത് ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു .സൂപ്രണ്ട് അമ്മാൾ സാറ് ഓർഡർ  ഇനിഷ്യൽ ചെയ്തു തന്നിട്ട് തന്റെ വലതു വശത്തേക്ക് വിരൽ ചൂണ്ടി .അവിടെയുള്ള സീറ്റിലാണ് കടലാസ് രജിസ്റ്ററിൽ ചേർക്കുന്നതും ഹാജർബുക്കിൽ പേരെഴുതുന്നതും .വിടർന്ന ചിരിയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത് .എല്ലാ ചിരിയിലും കാണാത്ത ഒന്ന് അവരുടെ ചിരിയിലുണ്ടായിരുന്നു ;ആർദ്രത ."ആദ്യം ഉള്ളിൽ വന്നൊറ്റി ക്കൊടുത്താൾ ആർദ്രത ഞങ്ങളായുധം വെച്ചു ..'ആർദ്രവാത്സല്യത്തിന്റെ പ്രകാശം പരത്തുന്ന ആ ചിരി മാഞ്ഞു .ഇന്നലെ വൈകുന്നേരം .ഇളയ സഹപ്രവർത്തക അമലയുടെ വാട്സ്ആപ് മെസ്സേജ് :'ശാന്തസാറ്  6 .45 pm നു മെഡിക്കൽ കോളേജിൽ വെച്ചു മരിച്ചു' .

     അഞ്ചാറുമാസം മുമ്പ് ലോക്കഡൗണിന്റെ തുടക്കത്തിൽ അമലയുടെ ഒരു മെസ്സേജ് കിട്ടി .ശാന്തസാറിനെ ഒന്നു വിളിക്ക് ;ഇതാണ് നമ്പർ ....നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഞാൻ ഇടയ്ക്കു വിളിക്കാറുമുണ്ടായിരുന്നു .പിന്നീട് വിളികളുടെ ഇടവേള ദീർഘിച്ചു പോയതാണ് .ഞാൻ വിളിച്ചു .വാത്സല്യത്തിന്റെ ചിരി ,തെക്കൻ തിരുവിതാംകൂറിലെ ഗ്രാമീണ മലയാളം ,തമിഴിന്റെ ചുവ തീരെയില്ലാതെ ,പണ്ട് ഇടക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരാറുള്ള തൊടുവട്ടി കരുപ്പട്ടിയുടെ മധുരം കിനിയുന്ന സംസാരം .ഞാൻ പിന്നീട് ഇടയ്ക്കിടെ വിളിക്കുമായിരുന്നു .ഒടുവിൽ വിളിച്ചത് പത്തിരുപതു ദിവസം മുമ്പാണ് .വീണു കയ്യൊടിഞ്ഞതും ബാൻഡേജിട്ടതും തലമൊട്ടയടിച്ചതും ഒക്കെ പറഞ്ഞിട്ട്  അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു 'കാണാൻ നല്ല രസമാണ് "എന്നിട്ട് ലേശം പരിഭവത്തോടെ 'പക്ഷേ കുറുപ് വരൂല്ലല്ലോ ".ഞാൻ നെടുങ്കാട്ടുള്ള  അവരുടെ വീട്ടിൽ പോയിട്ടേയില്ല ,അവരും ഭാസ്കരൻ സാറും പലപ്പോഴും നിര്ബന്ധിച്ചിട്ടുണ്ടെങ്കിലും ..

       ഇനിയിപ്പോൾ പോയിട്ടെന്തിനാ ?ശാന്ത വീടൊഴിഞ്ഞു പോയി .ഭാസ്കരൻ സാർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു .'ഗാതാസൂനഗതാസുംശ്ച '....'പാന്ഥർ  പെരുവഴിയമ്പലം തന്നിലേ '   'വികൃതിർ ജ്ജീവിതമുച്യതേ '....തത്വങ്ങളൊരുപാട് പറയാനുണ്ട് .പറയാൻ എന്തെളുപ്പം .പക്ഷേ സ്വന്ത ദുഃഖങ്ങൾ പോലും നേരമ്പോക്കാക്കുന്ന ആ ചിരി ഇനിയില്ലല്ലോ .



















 



Monday, September 9, 2019

10-9-2019Delware Onam

നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......
ആ ഗാന സപര്യ തുടരുന്നു ....
വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ
ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം
തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...
















































Saturday, February 11, 2017

.കൃതിയും  വികൃതിയും
നമ്മൾ  എന്തു
 കൊണ്ടാണ് ചിരിക്കുന്നത് ? എന്ന് വെച്ചാൽ എന്തു കണ്ടാലും കേട്ടാലുമാണ് നമുക്ക് ചിരി വരിക .?ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത് ജീവജാലങ്ങളും വസ്തുക്കളും സാധാരണയിൽ വ്യത്യസ്തമായി പെരുമാറുമ്പോഴാണ് എന്നത്രേ ചുരുക്കത്തിൽ വികൃതി കാണുമ്പോഴാണ് ,കേൾക്കുമ്പോഴും, ആളുകൾ ചിരിക്കുന്നത്
 സങ്കല്പിക്കാൻ കഴിയുന്നതിൽ ഏറ്റവും വലിയ വികൃതിയാണ് സൂര്യൻ പടിഞ്ഞാറുദിക്കുക എന്നത് .ഭൂമി തിരിച്ചു കറങ്ങുമ്പോഴാണല്ലോ അത് സംഭവിക്കുക .തികച്ചും അസാധ്യമെന്നു  കരുതപ്പെട്ടിരുന്ന ആ വികൃതി യാഥാർഥ്യമാവാൻ പോകുന്നു വത്രേ അങ്ങിനെ വന്നാൽ ഉണ്ടാവുന്ന അനർത്ഥങ്ങളുടെ സരസ വർണ്ണനയാണ്  റിവേഴ്സ് ഗിയറിലോടുന്ന ഭൂമി എന്ന ലേഖനം ഉദയാസ്തമയങ്ങളുടെ ദിശാ വ്യതിയാനങ്ങൾക്കൊപ്പം എന്തെല്ലാമാണ് മാറുന്നത് .പക്ഷെ ഈ വര്ണനകളെക്കാൾ ഈ ലേഖനത്തെ ശ്രദ്ധേയമാക്കുന്നത് അങ്ങിനെയൊരു തീരുമാനമെടുക്കാൻ ഭൂമിയെ പ്രേരിപ്പിച്ച കാരണങ്ങളുടെ കണ്ടെത്തലും വിശദീകരണവുമാണ് .
ഈ അടുത്ത കാലം വരെ ഉദയ സൂര്യൻ കണി കണ്ടിരുന്നത് പൂമുഖത്ത് ചാരു കസേരയിൽ ശാന്ത ഗംഭീരമായി ഇരുന്നരുളിയിരുന്ന മുത്തശ്ശനെയായിരുന്നു .പക്ഷെ ഇപ്പോൾ ആ സ്ഥാനം അലങ്കരിക്കുന്നത് തേച്ചു മിനുക്കിയ ഒരു വലിയ ഉപ്പു മാങ്ങാ ഭരണിയാണ് .പുതിയ രീതിയിൽ പണികഴിപ്പിച്ച വീടിന്റെ സ്വീകരണ മുറി യാണല്ലോപഴയ പൂമുഖത്തിന്റെ സ്ഥാനത്തിപ്പോൾ അവിടത്തെ അലങ്കാര വസ്തുക്കളിൽ പ്രമുഖ സ്ഥാനം ഉപ്പുമാങ്ങാഭരണിക്കാണ് .അപ്പോൾ മുത്തശ്ശനെവിടെ ,അരികത്തിരുന്നു 'വെറെമ്മാൻ' ഇടിച്ചു  കൊടുത്തിരുന്ന ശ്രീത്വം തികഞ്ഞ ആ മുത്തശ്ശിയും ?അവരുണ്ട് പടിഞ്ഞാറേ ചായ്‌പിൽ ഉപേക്ഷിക്കപ്പെട്ട ജംഗമ സാധങ്ങൾക്കൊപ്പം .ആദിത്യ ഭഗവാന് ഈ മാറ്റം ഉൾക്കൊള്ളാനായില്ല.അവിടത്തേക്ക് മുത്തശ്ശനേയും മുത്തശ്ശിയേയും തന്നെ കണി കാണണമെന്ന് നിർബന്ധം .അതു കൊണ്ടാണത്രേ ഭൂമിയോട് തിരിഞ്ഞു കറങ്ങാൻ കല്പിച്ചത് .
    ഈ ലേഖനം വായിച്ച് നമ്മൾ ചിരിക്കും ;ഒപ്പം ചിന്തിക്കുകയും ചെയ്യും .ആ ഉപ്പുമാങ്ങാ ഭരണിയുടെ പ്രതീക ഭംഗി അവഗണിക്കാനാവുമോ ? ഓണത്തേക്കാൾ നമുക്കു പ്രിയങ്കരമായിരുന്ന മാമ്പഴക്കാലത്തിന്റെ സമ്മാനങ്ങൾ തുടർന്നു വരുന്ന മഴക്കാലത്തേക്കുംസൂക്ഷിച്ചുവെച്ചിരുന്നത്  ആ ഭരണിയായിരുന്നുവല്ലോ മാവും മാമ്പഴ കാലവും മാത്രമല്ല നമ്മുടെ  കാർഷിക സംസ്കൃതിയാകെ തന്നെ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞ ഇക്കാലത്ത് ,മാമ്പഴം മാത്രമല്ല ഓണപ്പൂക്കളും നാലേ കേരവും കൂടി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കു മതി ചെയ്യേണ്ട അവസ്ഥയിലേക്ക് പരിഷ്കൃതരാക്കപ്പെട്ടിരിക്കുന്നു നമ്മൾ എന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു ,ചിരിപ്പിച്ച് കൊണ്ട്.
   അച്ഛനമ്മമ്മാരെ നടതള്ളുന്നത് അപവാദമാണ് എന്നാണു നാം ധരിച്ചിരിക്കുന്നത് .പക്ഷെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്ഥാനമാറ്റം പൊതു നിയമം തന്നെയാണ് .അവരുടെ ശ്രീത്വം എന്നത് ഒരു പഴഞ്ചൻ കാഴ്ചപ്പാടാണ് .മണിമന്ദിരങ്ങളുടെ ദൃശ്യഭംഗിക്ക് കളങ്കം ചേർക്കുന്ന വൈകൃതങ്ങളായി മാറിയിരിക്കുന്നു അവർ.താത്വിക വിശകലങ്ങൾക്കൊന്നും ലേഖനം മുതിരുന്നില്ല .ആലോചിക്കണമെന്നും പറയാതെ പറയുന്നതേ ഉള്ളു .
     സംസ്കാരമുള്ള ഒരു പൗര സമൂഹത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം .ആ പ്രക്രിയയിൽ ശിക്ഷ എന്നത് ഒരനിവാര്യ ഘടകമാണ് .ശതാഭിഷിക്തനായ പഴയ ഹെഡ് മാസ്റ്റർ ചാക്കോ സാറിന്റെ അഭിപ്രായമാണ് .ചാക്കോ സാർ മാത്രമല്ല ആ തലമുറയിൽ പ്പെട്ട മിക്ക അദ്ധ്യാപകരും അങ്ങിനെ തന്നെ വിശ്വസിച്ചിരുന്നു .ചാക്കോ സാർ കഠിന മായി ശിക്ഷിച്ചിരുന്ന  പല വിദ്യാർത്ഥികളും ഇന്ന് വളരെ ഉയർന്ന നിലയിലാണ് .അവരിൽ പലരും അദ്ദേഹത്തെ വന്നു കാണാറുമുണ്ടെന്നു മാത്രമല്ല പണ്ട് വാങ്ങിയ ശിക്ഷകൾ . അഭിമാന പൂർവം അനുസ്മരിക്കാറുമുണ്ട് .അതു പറഞ്ഞിട്ടെന്തു കാര്യം .ഇപ്പോൾ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റകരമാണ്.മാത്രമല്ല അക്രമണോല്സുകത കാണിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതി വരുന്നു .ഇത് പത്രം വായിച്ചറിഞ്ഞ ചാക്കോ സാർ അക്രമണോല്സുകരായിരുന്ന വിദ്യാര്തഹികളെ താൻ കൈകാര്യം ചെയ്തിരുന്ന രീതിയെ  കുറിച്ച് ആലോചിക്കുന്നതിന്റെ വർണ്ണനയാണ്  ചാക്കോ സാറും വിഭക്തി പ്രത്യയവുമെന്ന ഒന്നാം ലേഖനം.തരാം കിട്ടുമ്പോഴൊക്കെ ചെറിയ കുട്ടികളെ ഉപദ്രവിക്കുന്നരാമകൃഷ്ണന്റെ കരണത്തടിക്കാനും  ,അക്ഷരം ശരിയായി ഉച്ചരിക്കാൻ ശ്രമിക്കാത്ത മുഹമ്മദിന്റെ തോർത്ത് മുണ്ടഴിച്ച് ചൂരൽ പ്രഹരം നൽകാനും   മാത്രമല്ല വഴിക്കണക്ക് കണ്ടെഴുതിക്കൊണ്ടു വന്ന പൊന്നമ്മയുടെ തുടയ്ക്ക് തൊലി പൊളിഞ്ഞു  പോകും വിധം നുള്ളാനും ചാക്കോ സാറിനു മടി യൊന്നുമുണ്ടായിരുന്നില്ല .അവസാനം പറഞ്ഞ ശിക്ഷാവിധിയുടെ കാര്യത്തിൽ ചാക്കോ സാറിനു പറ്റിയ അമളി നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നു .
      കുഞ്ഞാമിനയുടെ നവാഗതാർത്തവത്തെ വർണ്ണിക്കുന്ന 'ഇതിഹാസ 'ഖണ്ഡം ഇന്നും നമ്മെ പുളകം    കൊള്ളിക്കുന്നുണ്ടല്ലോ .അതിനേക്കാൾ ഒട്ടും താഴെയല്ല  ശശാങ്കന്റെ ഈ ഭാഗത്തെ ആഖ്യാനവും .
അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിലെ അനാശാസ്യ പ്രവണതകളെ ക്കുറിച്ചുള്ള പത്ര വാർത്തകൾകാണുമ്പോഴൊക്കെ  പോയ നല്ല കാലത്തെ കുറിച്ചുള്ള ഗൃഹാതുര സ്മരണകൾ അയവിറക്കുകയാണല്ലോ പഴയ തലമുറയിൽ പെട്ടവർ ചെയ്യാറുള്ളത് .പഴയ കാലത്തും ഇങ്ങിനെയൊക്കെയുണ്ടാവാറുണ്ടായിരുന്നു വെന്ന് ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു .മനുഷ്യന്റെ നൈസർഗ്ഗിക ചോദനകൾ മനുഷ്യ നിർമ്മിത നിയമങ്ങൾക്ക് വിധേയമാക്കാൻ വിസമ്മതിക്കും എന്നത് എക്കാലത്തും പ്രസക്തമായ സത്യമാണ്. ചാക്കോ സാറിന്റെ സ്മരണകളിലും അങ്ങിനെയൊന്നും പച്ചപിടിച്ചു നിൽക്കുന്നു ഒരു മുതിർന്ന വിദ്യാർത്ഥിയും ചെറുപ്പക്കാരിയായ അദ്ധ്യാപികയും തമ്മിലുള്ള ബന്ധം .പക്ഷെ അത് പത്ര വാർത്ത പോയിട്ട് സംസാര വിഷയം പോലുമാകാതെ  കൈകാര്യം ചെയ്യാൻ അദ്ദ്യാപികയുടെ പിതാവ് കൂടിയായ അന്നത്തെ പ്രധാനാധ്യാപകന് കഴിഞ്ഞു .പരിണിത പ്രജ്ഞനായ  അദ്ദേഹം ആ പ്രശനം പരിഹരിച്ച രീതി പോലെ തന്നെ പ്രശംസനീയമാണ് അതിന്റെ ആഖ്യാനം നിർവഹിക്കുന്നതിൽ ശശാങ്കൻ കാണിക്കുന്ന കയ്യടക്കവും .
     ഇക്കാലത്ത് ഏതാണ്ടെല്ലാ പ്രധാന സ്ഥലങ്ങളിലുമുണ്ട് നിശബ്ദത പാലിക്കുക എന്ന ബോർഡ് .ചുറ്റുപാടും കേൾക്കുന്ന കാതടപ്പിക്കുന്ന ശബ്ദ ഘോഷങ്ങളാവാം അത്തരം ഒരു വിജ്ഞാപനത്തിനു പ്രേരകമാവുന്നത് ..ഓരോ കാലത്തും ഓരോ സംസ്കൃതിക്കും ഒരു ശബ്ദ പശ്ചാത്തലം കൂടിയുണ്ട് എന്ന വസ്തുത വിസ്മരിച്ച് കൂടാ .ഓണപ്പാട്ടുകളും സന്ധ്യാനാമവും പള്ളിമണികളും മറ്റും ചേർന്ന ഒരു ശബ്ദ സംസ്കൃതി നമുക്കുണ്ടായിരുന്നു .അതിന്റെ സ്ഥാനത്ത് ഇന്നുള്ളത് ശബ്ദാസുരന്റെ കർണ്ണ കടോരമായ ഗർജ്ജനങ്ങളാണെന്ന് ആഖ്യാതാവ് പറയുന്നു .ശരിയാണ് കൃഷിയിടങ്ങൾ തരിശാ യതോടെ ഉഴവുകാരന്റെ പദാർത്ഥ രഹിതമായ സംഗീതം ഇനി വരാത്ത വണ്ണം പോയ്മറഞ്ഞു .സാംധ്യാ നാമത്തിനു പകരം കാസറ്റുകളും സി ഡി കളും ദേവസ്ഥാനങ്ങളിൽ നിന്ന് പോലും  കാതടപ്പിക്കുന്ന ശബ്ദങ്ങൾ .ഇതിൽ നിന്നുണ്ടാവുന്ന നിരാശയാണ് 'മിണ്ടരുത് മാഡം അകത്തുണ്ട് എന്ന ലേഖനത്തിന്റെ വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും ഇതൊരു നർമ്മ ലേഖനമല്ല ;ഗൗരവ പൂർവം വായിക്കപ്പെടേണ്ടതാണ് .ഈ സമാഹാരഥത്തിലെ ഏറ്റവും നല്ല ലേഖനം മാത്രമല്ല സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച ഗദ്യ രചനകളിൽ ഒന്ന് കൂടിയാണിത് .
  ഒരു കാര്യം കൂടി .ശബ്ദാസുരന്റെ കാതടപ്പിക്കുന്ന ഗർജ്ജനങ്ങളെന്നു ഈ ലേഖനം വിശേഷിപ്പിക്കുന്ന ശബ്ദ സഞ്ചയത്തെ ക്കുറിച്ച് ഗൃഹാതുരത്വമുണർത്തുന്ന ഒരു ലേഖനം അമ്പത് വർഷത്തിന് ശേഷം എഴുതപ്പെട്ടു കൂടായ്കയില്ല
   ഈ സമാഹാരത്തിലെ മറ്റു ലേഖനങ്ങളും വളരെ നല്ല നിലവാരം പുലർത്തുന്നവ തന്നെയാണ് .ഈ ലേഖനങ്ങളുടെ സവിശേഷത അവ വായിച്ച് ചിരിച്ച് ചിരിച്ച് ഒടുവിൽ വായനക്കാരൻ കണ്ണ് തുടക്കേണ്ടി വരുന്നു എന്നതാണ് അയാൾ ഗൗരവമുള്ള പല കാര്യങ്ങളെയും കുറിച്ചോർക്കുന്നു ,ചിന്തിക്കുന്നു ,ഒടുവിൽ കുറ്റപ്പെടുത്തുന്ന ഒരു വിരൽ തന്റെ നേർക്ക് തന്നെ ചൂണ്ടുന്നു .ഉദാത്തമായ ഹാസ്യത്തിന്റെ ധർമ്മ അതാണല്ലോ 
     
 




Wednesday, March 9, 2016

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

Friday, January 15, 2016

ഏറ്റവും മനോഹരമായി മലയാള ഗദ്യമെഴുതുന്ന രണ്ടു പേരിൽ ഒന്നാമത്തെ ആളാണ്‌ എം ടി വാസുദേവൻ  നായർ .ആർക്കും അതിൽ സംശയം ഉണ്ടാകാനിടയില്ല .രണ്ടാമത്തെ ആൾ ആരെന്നതിലും എനിക്ക് സംശയമില്ല ;ഗിരീഷ്‌ ജനാർദനൻ .അതേ സമകാലിക മലയാളത്തിന്റെ പഴയ സഹ പത്രാധിപർ ,മദ്യപന്റെ മാനിഫെസ്റ്റോയുടെ കർത്താവ് ,സ്ഥിരമായി എഫ്  ബി യിൽ പോസ്റ്റിടുന്ന ആൾ .ആർക്കെങ്കിലും ഞാൻ പറ ഞ്ഞതിനോട് എതിർപ്പുണ്ടെങ്കിൽ അവർ ധൂർത്ത പുത്രനെക്കുറിച്ച്  ഈയിടെ ഗിരീഷ്‌ എഴുതിയ പോസ്റ്റ് വായിക്കട്ടെ ..
  എംടിക്ക് പക്ഷേ തന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാനും അംഗീകാരം നേടാനും കഴിഞ്ഞു .ഗിരീഷിനു കഴിഞ്ഞില്ല .സാരമില്ല ഇനിയും സമയമുണ്ടല്ലോ .വി കെ എൻ  ന്റെ കഥാ പാത്രം ചോദിച്ചതു പോലെ "ദിന രാത്രങ്ങൾക്കാണോ പഞ്ഞം "
     ഗിരീഷിന്റെ രചനാ കൗശലമല്ല ഇന്നത്തെ എന്റെ വിഷയം ,അയാളുടെ പണിതീരാത്ത വീടാണ് .ഞാൻ ഇന്ന് 'അഞ്ജന ക്കല്ലുകൾ മിനുക്കിയടുക്കി --' അയാൾ  പണിയുന്ന വീടു കാണാൻ പോയിരുന്നു .വളരെ വലിയ വീടല്ല .പക്ഷേ ഗിരീഷിനും ഭാര്യക്കും മകനും ഗിരീഷിന്റെ അമ്മയ്ക്കും കൂടി താമസിക്കാൻ ഈ വീടുമതി .അയാളുടെ സുഹൃത്തുക്കൾ വന്നാൽ ഡ്രായിംഗ് റൂമിൽ  കിടക്കാം.വായനക്കും എഴുത്തിനും വേണ്ടി ഒരു മുറി പ്രത്യേകമായുണ്ട് .
   മലയാളി ഇടത്തരക്കാരന്റെ ഒരു ഒബ്സെഷനാണ് സ്വന്തമായി ഭേദപ്പെട്ട ഒരു വീട് .ദീർഘ കാലം കടക്കാരനായി കഴിയേണ്ടി വരുമെന്നറിഞ്ഞു കൊണ്ടു തന്നെ അയാൾ  അതു പണിയിക്കുകയും ചെയ്യും  . ഞാനും അത് ചെയ്തതാണ് .അക്കാലത്ത് അനുഭവിച്ച അങ്കലാപ്പും ആകാംക്ഷയും ആത്മ നിന്ദയും ഇന്നും മനസ്സിൽ മായാതെയുണ്ട് .കടം വാങ്ങേണ്ടി വരുന്നു എന്നതിലാണ് ആത്മനിന്ദ .വീടു പണിക്കുമുമ്പോ പണികഴിഞ്ഞിട്ടോ ഞാൻ ആരോടും ഒന്നും കടം വാങ്ങിയിട്ടില്ല .പക്ഷേ അന്ന് .വേണ്ടാ അതൊക്കെ ഓർക്കാതിരിക്കുകയാണു ഭേദം
      ഇത്തരം ഒരു അവസ്ഥയിലൂടെ ആയിരിക്കും ഗിരീഷും കടന്നു പോകുന്നത് .സാരമില്ല ബുദ്ധി  മുട്ടൊക്കെ കുറച്ചു കഴിയുമ്പോൾ മാറും.അതാണു ലോക സ്വഭാവം  .സ്വന്തം മേൽക്ക്ക്കൂര സമ്മാനിക്കുന്ന സുരക്ഷിതത്വം ജന്മസിദ്ധമായ കഴിവുകളെ കൂടുതൽ  ഫല പ്രദമായി ഉപയോഗിക്കാൻ സഹായിക്കും .അതിനുള്ള ദൃഢനിശ്ചയം ഗിരീഷ്‌ സ്വരൂപിക്കുമെന്നും താൻ മലയാള ത്തിലെ ഏറ്റവും മികച്ച രണ്ടു ഗദ്യ കാരന്മാരിലൊരാളാണെന്നു ലോകത്തിനു ബോദ്ധ്യമാക്കി കൊടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു