Friday, January 22, 2021

 22 -1 -21 

      പേരിലെ  'കുറത്തിയാടൻ 'ആണ് ആദ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് .ഞങ്ങളെയൊക്കെ ഒരുകാലത്ത് 'കുറത്തിയാടന്മാർ' എന്നു പരിഹാസത്തോടെ വിളിച്ചിരുന്നു കൂടുതൽ പരിഷ്കൃതരെന്നു സ്വയം വിശ്വസിച്ചിരുന്ന പടിഞ്ഞാറൻ ഓണാട്ടുകരക്കാർ പണ്ട് .ഇപ്പോൾ കാലം  മാറി .എന്തായാലും കുറത്തിയാടൻ പേരിന്റെ ഭാഗമാക്കിയ ആളെ പരിചയപ്പെടണമെന്നു തോന്നി .ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .അത് അക്‌സെപ്റ് ചെയ്തു വന്നപ്പോൾ മനസ്സിലായി നാട്ടുകാരൻ മാത്രമല്ല പ്രദീപ് .തലമുറകളായി എന്റെ വീടുമായി സൗഹൃദം പുലർത്തിയിരുന്നവരുടെ പിന്മുറക്കാരനുമാണ് ..

    പ്രദീപ് ഫോണിൽ സംസാരിച്ചു .ജ്യേഷ്ഠൻ പ്രകാശുമൊത്ത് വീട്ടിൽ വന്നു .വളരെ നേരം സംസാരിച്ചിരുന്നു .ആയിടെ പ്രദീപ് സെക്രട്ടറി ആയിരിക്കുന്ന ഒരു വലിയ സംഘടനയുടെ വാർഷിക യോഗത്തിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടു ..സ്വാഗതപ്രസംഗത്തിൽ അദ്ദേഹം സദസ്സിൽ പിൻനിരയിൽ ഇരുന്നിരുന്ന എന്നെ പരാമർശിച്ചു .പ്രശസ്തരായ രണ്ടു വനിതാപ്രൊഫെസ്സർമാർ ,ഒരു ശ്രെഷ്ഠ വൈദികൻ തുടങ്ങിയവർ വേദിയിൽ ,മാവേലിക്കരയിലെ പൗരമുഖ്യർ സദസ്സിൽ .അവിടെ പരാമർശിക്കപ്പെടുക ഒരു വലിയ ബഹുമതിയായിരുന്നു .

     കുറെ നാൾ കഴിഞ്ഞു എന്റെ എറണാകുളത്തെ വീട്ടിലേക്ക് ഒരു ഫോൺ വന്നു .രാത്രി വൈകി .പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് .പ്രദീപായിരുന്നു .ഒരു പുതിയ ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു.അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് .ഇപ്പോൾ കോട്ടയത്തുണ്ട്, ഒരു സ്നേഹിതന്റെ വീട്ടിൽ.അടുത്ത് തന്നെ എറണാകുളത്തു വരുന്നുണ്ട് കാണാൻ .പുതിയ സംരംഭത്തിന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..ഞാൻ കഴിയുന്ന എന്തു സഹായവും ചെയ്യാം എന്നു മറുപടിയും പറഞ്ഞു .പക്ഷേ എന്തുകൊണ്ടോ പിന്നീട് വിളിയും കാണലുമൊന്നും ഉണ്ടായില്ല .പ്രദീപിന് തന്റെ തിരക്കുകളുണ്ടായിരുന്നിരിക്കാം .ഞാൻ വിദേശം പോവുകയും വരികയും ചെയ്തു ഒന്നിലധികം തവണ ..ഞങ്ങളുടെ വഴികൾ കൂട്ടി മുട്ടിയില്ല .ഓൺലൈൻ സൗഹൃദം നിരന്തരസമ്പർക്കമില്ലെങ്കിൽ കാലക്രമത്തിൽ മാഞ്ഞു പോകും ..ഇക്കാര്യത്തിൽ അതുണ്ടാവരുതെന്ന് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു .കാരണം എന്റെ വംശാവലി ചരിതത്തിലെ മുഖ്യ അതിഥികഥാപാത്രങ്ങളാണ് പ്രദീപിന്റെ അപ്പൂപ്പനും വല്യച്ഛനും .ഒരു ഓൺലൈൻ സൗഹൃദമായി പരിമിതപ്പെടുത്തേണ്ടതല്ല ഞങ്ങളുടെ ബന്ധം .അതുകൊണ്ട് മാവേലിക്കര പോകുമ്പോൾ പ്രദീപിന്റെ വീട്ടിൽ കയറണമെന്നു ഞാൻ തീർച്ചപ്പെടുത്തി ..

     പോകാൻ കഴിയുന്നതിനുമുമ്പ് കൊറോണ എത്തി .എല്ലാം തകിടം മറിഞ്ഞു .എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല .എല്ലാം ശരിയാവട്ടെ എന്നു കരുതി ....അപ്പോഴേക്കും വിധി ഒരു പെട്ടിവണ്ടിയുടെ രൂപത്തിൽ പ്രദീപിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലെത്തി ....

    ഇനി എന്തെഴുതാൻ ...കൊറോണക്കാലത്തിന്റെ അസ്വസ്ഥത ,അത് സൃഷ്ടിച്ച വിയോഗങ്ങളുടെ വേദന എന്നെ നിസ്സഹായനാക്കുന്നു .ഭാഷ വഴങ്ങുന്നില്ല ,വാക്കുകൾക്ക് ദാരിദ്ര്യം ......

   ഒരു കാര്യം എന്നാലും എടുത്തു പറയാതെവയ്യ  .ഞാനീയിടെ 'മാടപൊലച്ച' വായിച്ചു .മലയാളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത .മാത്രമല്ല മലയാളകവിതയിൽ ഉണ്ടാവേണ്ട ,ഉണ്ടാവാൻ പോകുന്ന ദിശാവ്യതിയാനത്തിന്റെ ആദ്യസൂചകങ്ങളാണ് മാട പൊലച്ചയും ക്ടാത്തിയുടെ ചാവും ............മലമോളി ചൂര്യനെത്തി മൂരി നിവർത്തിയത് മലയാള കവിതയുടെ ആകാശത്താണ് .പ്രദീപ് കാണുന്നുണ്ടായിരിക്കാം അദൃശ്യനായി നിന്ന് .മദ്ധ്യ തിരുവിതാംകൂറിലെ കാർഷിക സംസ്കൃതിയുടെ പദാവലിയും  ബിംബങ്ങളും ഉപയോഗിച്ച് ഇത്രയും മനോഹരമായ കവിത സൃഷ്ടിക്കാൻ പ്രദീപിനെ പോലെ അധികമാരും ഉണ്ടായിരുന്നില്ല .അതാണ് നമ്മുടെ സംസ്കാരത്തിന് കുറത്തിടാൻ നൽകിയ ഏറ്റവും വലിയ സംഭാവന .