Saturday, February 11, 2017

.കൃതിയും  വികൃതിയും
നമ്മൾ  എന്തു
 കൊണ്ടാണ് ചിരിക്കുന്നത് ? എന്ന് വെച്ചാൽ എന്തു കണ്ടാലും കേട്ടാലുമാണ് നമുക്ക് ചിരി വരിക .?ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത് ജീവജാലങ്ങളും വസ്തുക്കളും സാധാരണയിൽ വ്യത്യസ്തമായി പെരുമാറുമ്പോഴാണ് എന്നത്രേ ചുരുക്കത്തിൽ വികൃതി കാണുമ്പോഴാണ് ,കേൾക്കുമ്പോഴും, ആളുകൾ ചിരിക്കുന്നത്
 സങ്കല്പിക്കാൻ കഴിയുന്നതിൽ ഏറ്റവും വലിയ വികൃതിയാണ് സൂര്യൻ പടിഞ്ഞാറുദിക്കുക എന്നത് .ഭൂമി തിരിച്ചു കറങ്ങുമ്പോഴാണല്ലോ അത് സംഭവിക്കുക .തികച്ചും അസാധ്യമെന്നു  കരുതപ്പെട്ടിരുന്ന ആ വികൃതി യാഥാർഥ്യമാവാൻ പോകുന്നു വത്രേ അങ്ങിനെ വന്നാൽ ഉണ്ടാവുന്ന അനർത്ഥങ്ങളുടെ സരസ വർണ്ണനയാണ്  റിവേഴ്സ് ഗിയറിലോടുന്ന ഭൂമി എന്ന ലേഖനം ഉദയാസ്തമയങ്ങളുടെ ദിശാ വ്യതിയാനങ്ങൾക്കൊപ്പം എന്തെല്ലാമാണ് മാറുന്നത് .പക്ഷെ ഈ വര്ണനകളെക്കാൾ ഈ ലേഖനത്തെ ശ്രദ്ധേയമാക്കുന്നത് അങ്ങിനെയൊരു തീരുമാനമെടുക്കാൻ ഭൂമിയെ പ്രേരിപ്പിച്ച കാരണങ്ങളുടെ കണ്ടെത്തലും വിശദീകരണവുമാണ് .
ഈ അടുത്ത കാലം വരെ ഉദയ സൂര്യൻ കണി കണ്ടിരുന്നത് പൂമുഖത്ത് ചാരു കസേരയിൽ ശാന്ത ഗംഭീരമായി ഇരുന്നരുളിയിരുന്ന മുത്തശ്ശനെയായിരുന്നു .പക്ഷെ ഇപ്പോൾ ആ സ്ഥാനം അലങ്കരിക്കുന്നത് തേച്ചു മിനുക്കിയ ഒരു വലിയ ഉപ്പു മാങ്ങാ ഭരണിയാണ് .പുതിയ രീതിയിൽ പണികഴിപ്പിച്ച വീടിന്റെ സ്വീകരണ മുറി യാണല്ലോപഴയ പൂമുഖത്തിന്റെ സ്ഥാനത്തിപ്പോൾ അവിടത്തെ അലങ്കാര വസ്തുക്കളിൽ പ്രമുഖ സ്ഥാനം ഉപ്പുമാങ്ങാഭരണിക്കാണ് .അപ്പോൾ മുത്തശ്ശനെവിടെ ,അരികത്തിരുന്നു 'വെറെമ്മാൻ' ഇടിച്ചു  കൊടുത്തിരുന്ന ശ്രീത്വം തികഞ്ഞ ആ മുത്തശ്ശിയും ?അവരുണ്ട് പടിഞ്ഞാറേ ചായ്‌പിൽ ഉപേക്ഷിക്കപ്പെട്ട ജംഗമ സാധങ്ങൾക്കൊപ്പം .ആദിത്യ ഭഗവാന് ഈ മാറ്റം ഉൾക്കൊള്ളാനായില്ല.അവിടത്തേക്ക് മുത്തശ്ശനേയും മുത്തശ്ശിയേയും തന്നെ കണി കാണണമെന്ന് നിർബന്ധം .അതു കൊണ്ടാണത്രേ ഭൂമിയോട് തിരിഞ്ഞു കറങ്ങാൻ കല്പിച്ചത് .
    ഈ ലേഖനം വായിച്ച് നമ്മൾ ചിരിക്കും ;ഒപ്പം ചിന്തിക്കുകയും ചെയ്യും .ആ ഉപ്പുമാങ്ങാ ഭരണിയുടെ പ്രതീക ഭംഗി അവഗണിക്കാനാവുമോ ? ഓണത്തേക്കാൾ നമുക്കു പ്രിയങ്കരമായിരുന്ന മാമ്പഴക്കാലത്തിന്റെ സമ്മാനങ്ങൾ തുടർന്നു വരുന്ന മഴക്കാലത്തേക്കുംസൂക്ഷിച്ചുവെച്ചിരുന്നത്  ആ ഭരണിയായിരുന്നുവല്ലോ മാവും മാമ്പഴ കാലവും മാത്രമല്ല നമ്മുടെ  കാർഷിക സംസ്കൃതിയാകെ തന്നെ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞ ഇക്കാലത്ത് ,മാമ്പഴം മാത്രമല്ല ഓണപ്പൂക്കളും നാലേ കേരവും കൂടി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കു മതി ചെയ്യേണ്ട അവസ്ഥയിലേക്ക് പരിഷ്കൃതരാക്കപ്പെട്ടിരിക്കുന്നു നമ്മൾ എന്ന് ഈ ലേഖനം ഓർമ്മിപ്പിക്കുന്നു ,ചിരിപ്പിച്ച് കൊണ്ട്.
   അച്ഛനമ്മമ്മാരെ നടതള്ളുന്നത് അപവാദമാണ് എന്നാണു നാം ധരിച്ചിരിക്കുന്നത് .പക്ഷെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്ഥാനമാറ്റം പൊതു നിയമം തന്നെയാണ് .അവരുടെ ശ്രീത്വം എന്നത് ഒരു പഴഞ്ചൻ കാഴ്ചപ്പാടാണ് .മണിമന്ദിരങ്ങളുടെ ദൃശ്യഭംഗിക്ക് കളങ്കം ചേർക്കുന്ന വൈകൃതങ്ങളായി മാറിയിരിക്കുന്നു അവർ.താത്വിക വിശകലങ്ങൾക്കൊന്നും ലേഖനം മുതിരുന്നില്ല .ആലോചിക്കണമെന്നും പറയാതെ പറയുന്നതേ ഉള്ളു .
     സംസ്കാരമുള്ള ഒരു പൗര സമൂഹത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം .ആ പ്രക്രിയയിൽ ശിക്ഷ എന്നത് ഒരനിവാര്യ ഘടകമാണ് .ശതാഭിഷിക്തനായ പഴയ ഹെഡ് മാസ്റ്റർ ചാക്കോ സാറിന്റെ അഭിപ്രായമാണ് .ചാക്കോ സാർ മാത്രമല്ല ആ തലമുറയിൽ പ്പെട്ട മിക്ക അദ്ധ്യാപകരും അങ്ങിനെ തന്നെ വിശ്വസിച്ചിരുന്നു .ചാക്കോ സാർ കഠിന മായി ശിക്ഷിച്ചിരുന്ന  പല വിദ്യാർത്ഥികളും ഇന്ന് വളരെ ഉയർന്ന നിലയിലാണ് .അവരിൽ പലരും അദ്ദേഹത്തെ വന്നു കാണാറുമുണ്ടെന്നു മാത്രമല്ല പണ്ട് വാങ്ങിയ ശിക്ഷകൾ . അഭിമാന പൂർവം അനുസ്മരിക്കാറുമുണ്ട് .അതു പറഞ്ഞിട്ടെന്തു കാര്യം .ഇപ്പോൾ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റകരമാണ്.മാത്രമല്ല അക്രമണോല്സുകത കാണിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതി വരുന്നു .ഇത് പത്രം വായിച്ചറിഞ്ഞ ചാക്കോ സാർ അക്രമണോല്സുകരായിരുന്ന വിദ്യാര്തഹികളെ താൻ കൈകാര്യം ചെയ്തിരുന്ന രീതിയെ  കുറിച്ച് ആലോചിക്കുന്നതിന്റെ വർണ്ണനയാണ്  ചാക്കോ സാറും വിഭക്തി പ്രത്യയവുമെന്ന ഒന്നാം ലേഖനം.തരാം കിട്ടുമ്പോഴൊക്കെ ചെറിയ കുട്ടികളെ ഉപദ്രവിക്കുന്നരാമകൃഷ്ണന്റെ കരണത്തടിക്കാനും  ,അക്ഷരം ശരിയായി ഉച്ചരിക്കാൻ ശ്രമിക്കാത്ത മുഹമ്മദിന്റെ തോർത്ത് മുണ്ടഴിച്ച് ചൂരൽ പ്രഹരം നൽകാനും   മാത്രമല്ല വഴിക്കണക്ക് കണ്ടെഴുതിക്കൊണ്ടു വന്ന പൊന്നമ്മയുടെ തുടയ്ക്ക് തൊലി പൊളിഞ്ഞു  പോകും വിധം നുള്ളാനും ചാക്കോ സാറിനു മടി യൊന്നുമുണ്ടായിരുന്നില്ല .അവസാനം പറഞ്ഞ ശിക്ഷാവിധിയുടെ കാര്യത്തിൽ ചാക്കോ സാറിനു പറ്റിയ അമളി നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നു .
      കുഞ്ഞാമിനയുടെ നവാഗതാർത്തവത്തെ വർണ്ണിക്കുന്ന 'ഇതിഹാസ 'ഖണ്ഡം ഇന്നും നമ്മെ പുളകം    കൊള്ളിക്കുന്നുണ്ടല്ലോ .അതിനേക്കാൾ ഒട്ടും താഴെയല്ല  ശശാങ്കന്റെ ഈ ഭാഗത്തെ ആഖ്യാനവും .
അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിലെ അനാശാസ്യ പ്രവണതകളെ ക്കുറിച്ചുള്ള പത്ര വാർത്തകൾകാണുമ്പോഴൊക്കെ  പോയ നല്ല കാലത്തെ കുറിച്ചുള്ള ഗൃഹാതുര സ്മരണകൾ അയവിറക്കുകയാണല്ലോ പഴയ തലമുറയിൽ പെട്ടവർ ചെയ്യാറുള്ളത് .പഴയ കാലത്തും ഇങ്ങിനെയൊക്കെയുണ്ടാവാറുണ്ടായിരുന്നു വെന്ന് ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു .മനുഷ്യന്റെ നൈസർഗ്ഗിക ചോദനകൾ മനുഷ്യ നിർമ്മിത നിയമങ്ങൾക്ക് വിധേയമാക്കാൻ വിസമ്മതിക്കും എന്നത് എക്കാലത്തും പ്രസക്തമായ സത്യമാണ്. ചാക്കോ സാറിന്റെ സ്മരണകളിലും അങ്ങിനെയൊന്നും പച്ചപിടിച്ചു നിൽക്കുന്നു ഒരു മുതിർന്ന വിദ്യാർത്ഥിയും ചെറുപ്പക്കാരിയായ അദ്ധ്യാപികയും തമ്മിലുള്ള ബന്ധം .പക്ഷെ അത് പത്ര വാർത്ത പോയിട്ട് സംസാര വിഷയം പോലുമാകാതെ  കൈകാര്യം ചെയ്യാൻ അദ്ദ്യാപികയുടെ പിതാവ് കൂടിയായ അന്നത്തെ പ്രധാനാധ്യാപകന് കഴിഞ്ഞു .പരിണിത പ്രജ്ഞനായ  അദ്ദേഹം ആ പ്രശനം പരിഹരിച്ച രീതി പോലെ തന്നെ പ്രശംസനീയമാണ് അതിന്റെ ആഖ്യാനം നിർവഹിക്കുന്നതിൽ ശശാങ്കൻ കാണിക്കുന്ന കയ്യടക്കവും .
     ഇക്കാലത്ത് ഏതാണ്ടെല്ലാ പ്രധാന സ്ഥലങ്ങളിലുമുണ്ട് നിശബ്ദത പാലിക്കുക എന്ന ബോർഡ് .ചുറ്റുപാടും കേൾക്കുന്ന കാതടപ്പിക്കുന്ന ശബ്ദ ഘോഷങ്ങളാവാം അത്തരം ഒരു വിജ്ഞാപനത്തിനു പ്രേരകമാവുന്നത് ..ഓരോ കാലത്തും ഓരോ സംസ്കൃതിക്കും ഒരു ശബ്ദ പശ്ചാത്തലം കൂടിയുണ്ട് എന്ന വസ്തുത വിസ്മരിച്ച് കൂടാ .ഓണപ്പാട്ടുകളും സന്ധ്യാനാമവും പള്ളിമണികളും മറ്റും ചേർന്ന ഒരു ശബ്ദ സംസ്കൃതി നമുക്കുണ്ടായിരുന്നു .അതിന്റെ സ്ഥാനത്ത് ഇന്നുള്ളത് ശബ്ദാസുരന്റെ കർണ്ണ കടോരമായ ഗർജ്ജനങ്ങളാണെന്ന് ആഖ്യാതാവ് പറയുന്നു .ശരിയാണ് കൃഷിയിടങ്ങൾ തരിശാ യതോടെ ഉഴവുകാരന്റെ പദാർത്ഥ രഹിതമായ സംഗീതം ഇനി വരാത്ത വണ്ണം പോയ്മറഞ്ഞു .സാംധ്യാ നാമത്തിനു പകരം കാസറ്റുകളും സി ഡി കളും ദേവസ്ഥാനങ്ങളിൽ നിന്ന് പോലും  കാതടപ്പിക്കുന്ന ശബ്ദങ്ങൾ .ഇതിൽ നിന്നുണ്ടാവുന്ന നിരാശയാണ് 'മിണ്ടരുത് മാഡം അകത്തുണ്ട് എന്ന ലേഖനത്തിന്റെ വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും ഇതൊരു നർമ്മ ലേഖനമല്ല ;ഗൗരവ പൂർവം വായിക്കപ്പെടേണ്ടതാണ് . സമാഹാരഥത്തിലെ ഏറ്റവും നല്ല ലേഖനം മാത്രമല്ല സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച ഗദ്യ രചനകളിൽ ഒന്ന് കൂടിയാണിത് .
  ഒരു കാര്യം കൂടി .ശബ്ദാസുരന്റെ കാതടപ്പിക്കുന്ന ഗർജ്ജനങ്ങളെന്നു ലേഖനം വിശേഷിപ്പിക്കുന്ന ശബ്ദ സഞ്ചയത്തെ ക്കുറിച്ച് ഗൃഹാതുരത്വമുണർത്തുന്ന ഒരു ലേഖനം അമ്പത് വർഷത്തിന് ശേഷം എഴുതപ്പെട്ടു കൂടായ്കയില്ല
   സമാഹാരത്തിലെ മറ്റു ലേഖനങ്ങളും വളരെ നല്ല നിലവാരം പുലർത്തുന്നവ തന്നെയാണ് . ലേഖനങ്ങളുടെ സവിശേഷത അവ വായിച്ച് ചിരിച്ച് ചിരിച്ച് ഒടുവിൽ വായനക്കാരൻ കണ്ണ് തുടക്കേണ്ടി വരുന്നു എന്നതാണ് അയാൾ ഗൗരവമുള്ള പല കാര്യങ്ങളെയും കുറിച്ചോർക്കുന്നു ,ചിന്തിക്കുന്നു ,ഒടുവിൽ കുറ്റപ്പെടുത്തുന്ന ഒരു വിരൽ തന്റെ നേർക്ക് തന്നെ ചൂണ്ടുന്നു .ഉദാത്തമായ ഹാസ്യത്തിന്റെ ധർമ്മ അതാണല്ലോ 
     
 
Wednesday, March 9, 2016

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

Friday, January 15, 2016

ഏറ്റവും മനോഹരമായി മലയാള ഗദ്യമെഴുതുന്ന രണ്ടു പേരിൽ ഒന്നാമത്തെ ആളാണ്‌ എം ടി വാസുദേവൻ  നായർ .ആർക്കും അതിൽ സംശയം ഉണ്ടാകാനിടയില്ല .രണ്ടാമത്തെ ആൾ ആരെന്നതിലും എനിക്ക് സംശയമില്ല ;ഗിരീഷ്‌ ജനാർദനൻ .അതേ സമകാലിക മലയാളത്തിന്റെ പഴയ സഹ പത്രാധിപർ ,മദ്യപന്റെ മാനിഫെസ്റ്റോയുടെ കർത്താവ് ,സ്ഥിരമായി എഫ്  ബി യിൽ പോസ്റ്റിടുന്ന ആൾ .ആർക്കെങ്കിലും ഞാൻ പറ ഞ്ഞതിനോട് എതിർപ്പുണ്ടെങ്കിൽ അവർ ധൂർത്ത പുത്രനെക്കുറിച്ച്  ഈയിടെ ഗിരീഷ്‌ എഴുതിയ പോസ്റ്റ് വായിക്കട്ടെ ..
  എംടിക്ക് പക്ഷേ തന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാനും അംഗീകാരം നേടാനും കഴിഞ്ഞു .ഗിരീഷിനു കഴിഞ്ഞില്ല .സാരമില്ല ഇനിയും സമയമുണ്ടല്ലോ .വി കെ എൻ  ന്റെ കഥാ പാത്രം ചോദിച്ചതു പോലെ "ദിന രാത്രങ്ങൾക്കാണോ പഞ്ഞം "
     ഗിരീഷിന്റെ രചനാ കൗശലമല്ല ഇന്നത്തെ എന്റെ വിഷയം ,അയാളുടെ പണിതീരാത്ത വീടാണ് .ഞാൻ ഇന്ന് 'അഞ്ജന ക്കല്ലുകൾ മിനുക്കിയടുക്കി --' അയാൾ  പണിയുന്ന വീടു കാണാൻ പോയിരുന്നു .വളരെ വലിയ വീടല്ല .പക്ഷേ ഗിരീഷിനും ഭാര്യക്കും മകനും ഗിരീഷിന്റെ അമ്മയ്ക്കും കൂടി താമസിക്കാൻ ഈ വീടുമതി .അയാളുടെ സുഹൃത്തുക്കൾ വന്നാൽ ഡ്രായിംഗ് റൂമിൽ  കിടക്കാം.വായനക്കും എഴുത്തിനും വേണ്ടി ഒരു മുറി പ്രത്യേകമായുണ്ട് .
   മലയാളി ഇടത്തരക്കാരന്റെ ഒരു ഒബ്സെഷനാണ് സ്വന്തമായി ഭേദപ്പെട്ട ഒരു വീട് .ദീർഘ കാലം കടക്കാരനായി കഴിയേണ്ടി വരുമെന്നറിഞ്ഞു കൊണ്ടു തന്നെ അയാൾ  അതു പണിയിക്കുകയും ചെയ്യും  . ഞാനും അത് ചെയ്തതാണ് .അക്കാലത്ത് അനുഭവിച്ച അങ്കലാപ്പും ആകാംക്ഷയും ആത്മ നിന്ദയും ഇന്നും മനസ്സിൽ മായാതെയുണ്ട് .കടം വാങ്ങേണ്ടി വരുന്നു എന്നതിലാണ് ആത്മനിന്ദ .വീടു പണിക്കുമുമ്പോ പണികഴിഞ്ഞിട്ടോ ഞാൻ ആരോടും ഒന്നും കടം വാങ്ങിയിട്ടില്ല .പക്ഷേ അന്ന് .വേണ്ടാ അതൊക്കെ ഓർക്കാതിരിക്കുകയാണു ഭേദം
      ഇത്തരം ഒരു അവസ്ഥയിലൂടെ ആയിരിക്കും ഗിരീഷും കടന്നു പോകുന്നത് .സാരമില്ല ബുദ്ധി  മുട്ടൊക്കെ കുറച്ചു കഴിയുമ്പോൾ മാറും.അതാണു ലോക സ്വഭാവം  .സ്വന്തം മേൽക്ക്ക്കൂര സമ്മാനിക്കുന്ന സുരക്ഷിതത്വം ജന്മസിദ്ധമായ കഴിവുകളെ കൂടുതൽ  ഫല പ്രദമായി ഉപയോഗിക്കാൻ സഹായിക്കും .അതിനുള്ള ദൃഢനിശ്ചയം ഗിരീഷ്‌ സ്വരൂപിക്കുമെന്നും താൻ മലയാള ത്തിലെ ഏറ്റവും മികച്ച രണ്ടു ഗദ്യ കാരന്മാരിലൊരാളാണെന്നു ലോകത്തിനു ബോദ്ധ്യമാക്കി കൊടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു  

Sunday, August 21, 2011

nagaraparyatanam: MADYA RAATHRIYUTE MANI MUZHANGUMPOL.

nagaraparyatanam: MADYA RAATHRIYUTE MANI MUZHANGUMPOL.: . MADHYA RAATHRIYUTE MANI MUZHANGUMPOL! (പുറപ്പാടു സമയം -മാസിക ഓഗസ്റ്റ്‌ ) ആര്‍ .എസ് കുറുപ് ---------...

Monday, August 23, 2010

                                              വ്രതശുദ്ധിയുടെ പൂക്കളം
 അധ്യാപകന്റെ കൈപ്പത്തി വെട്ടിയ പൈശാചിക  സംഭവം  അര്‍ഹിക്കുന്ന  എല്ലാ ഗൌരവത്തോടും  കൂടിത്തന്നെ നമ്മുടെ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ മുന്‍പിലെത്തിച്ചു .മദനിയുടെ അറസ്റ്റ്  വിഷയത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി ;മാധ്യമ ആഘോഷങ്ങള്‍ എന്നൊക്കെ പറയുന്നത് ചില മനോഭാവങ്ങളുടെ  പ്രശ്നമാണ്  .ആ സംഭവത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് പ്രധാനം 
     ഇതിപ്പോള്‍  പറയുന്നത് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയ മറ്റൊരു കാര്യത്തെ ക്കുറിച്ച് സൂചിപ്പിക്കാനാണ് .ഈ ഓണ ക്കാലത്ത് പൌരസമൂഹങ്ങള്‍ പൊതു സ്ഥ ലങ്ങളില്‍ ഇട്ട പൂക്കളങ്ങളെ ക്കുറി ച്ചുള്ള വാര്‍ത്തകള്‍ നാം വായിക്കുകയും കാണുകയും  കേള്‍ക്കുകയും ചെയ്തതാണല്ലോ .പൂക്കളമിട്ട കേരളീയ വേഷം ധരിച്ച വനിതകളുടെ കൂട്ടത്തില്‍ തട്ടമിട്ടവര്‍ ധാരളമുണ്ടായിരുന്നു.ഇത് റംസാന്‍ നോമ്പ് കാലമാണ് .അതായതു പൂക്കളമിട്ടവരു ടെ കൂട്ടത്തില്‍ നോമ്പിന്റെ ഭാഗമായി ഉപവസിക്കുന്നവര്‍ ഉണ്ടായിരുന്നു .നോമ്പും ഉപവാസവുമൊന്നും ദേശീയമായ ഒരാഘോഷത്ത്തിന്റെ അവിഭാജ്യ ഘടക മാവുന്നതിന് അവര്‍ക്ക് തടസ്സമായില്ല .കലുഷമായി ക്കൊ ണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന ഒരു സാമൂഹ്യ അവസ്ഥയില്‍ ആഹ്ലാദ കാരിയായ ഒന്നായിരുന്നു ആ  ദൃശ്യങ്ങള്‍   .നമ്മുടെ ചാനെല്‍ കാരും  പത്രങ്ങളും പക്ഷെ വേണ്ടത്ര പ്രാധാന്യം ഈ കാര്യത്തിനു നല്‍കിയില്ല എന്ന ടോന്ന്ലാ ണെ നിക്ക് .ഞാന്‍ ആ സഹോദരിമാര്‍ക്ക് -മക്കളുടെയും കൊച്ചുമക്ക ളുടെയും സ്ഥാനം നല്‍കേണ്ട പെണ്‍കുട്ടികള്‍ക്കും നന്ദി പറയുന്നു നിറഞ്ഞ മനസ്സോടെ ;എന്റെ ഉള്ളില്‍ പൂക്കളങ്ങള്‍ നിര്‍മിച്ചതിന് ;പൂക്കള്‍ വിരിയിച്ചതിനും .മഹാ കവി പാടിയത് പോലെ ."പൂവുകള്‍ ഞ ങ്ങടെ  സാക്ഷി കളത്രേ പൂവുകള്‍   പോവുക നാമെതി രേ ല്‍ക്കുക  നമ്മള്‍ ഒരുക്കുക  നാളെ യോരോണം "

Tuesday, August 17, 2010

The Mother archetype

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഇത്തവണത്തെ പുരസ്‌കാരം ഡോക്ടര്‍ എം ലിലാവതിക്കായിരുന്നു.പത്താംതീയതിയയിരുന്നു പുരസ്കാരദാന സമ്മേളനം.ഞാന്‍ പങ്കെടുത്തു .പരിഷത്ത്  സെക്രടരിയു ടെ എസ് എം എസ് ഷണം കിട്ടിയിരുന്നില്ലെങ്കിലും ഞാന്‍ പങ്കെടുക്കുമായിരുന്നു .കാരണമുണ്ട്
മലയാള സാഹിത്യത്തെ ഗൌരവ പുര്‍വം സ മീപിക്കുന്ന ഏതൊരാളിനും ഡോ.ലീലാവതിയില്‍നിന്നും എന്തെങ്കിലും വീണു കിട്ടതിരിക്കുകയില്ല .ആനുകാലികങ്ങളില്‍ അവരെഴുതാറുള്ള ലേഖനങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് അതായത് മലയാളം ഐച്ച്ചിക വിഷയമയല്ലാതെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ അധികം പ്രയോജനപ്പെട്ടിട്ടുണ്ട് .   derida   എ ക്കുറിച്ചും barthus  നെ  ക്കുറിച്ചും death of the author   എന്ന ഉപന്യാസത്തെ കുറിച്ചും ഞാനാദ്യം മനസ്സിലാക്കുന്നത് അവരുടെ ഒരു ലേഖനത്തില്‍ നിന്നാണ് .ഓരോ ലേഖനത്തിലും  അതില്‍ പ്രതിപാദിച്ചിരിക്കുന്ന  കൃതിയെ കുറിച്ച് മാത്രമല്ല അതുള്‍പ്പെടുന്ന സാഹിത്യ ശാഖയെ കുറിച്ചുതന്നെ കൂടുതല്‍ മനസ്സിലാക്കാന്‍ ആവശ്യമായ നിര്ദേശ ങ്ങള്‍ ഉണ്ടാവും. ലേഖനത്തില്‍ പ്രകടിപ്പിക്കപെടിരിക്കുന്ന അഭിപ്രായങ്ങളോട് വിയോജിച്ചല്പോലും നിങ്ങള്‍ കുടുതല്‍ നല്ല ഒരു വായനക്കാരനായി തീര്‍ന്നിരിക്കും .ഉദാഹരണത്തിന് വേറെങ്ങും പോകേണ്ട .അനുമോദനങ്ങല്ക് മറുപടി പറഞ്ഞുകൊണ്ടു ഡോ  ലീലാവതി ചെയ്ത പ്രസംഗം മാത്രം മതി .നിര്‍വാസത്തിന്റെ സമയത്ത് ആശാന്റെ സീത ലക്സ്മനനോടു പറയുന്ന 'കുടിലം കര്‍മ വിപകമോര്‍ക്കുകില്‍ ' എന്നാ വരി രഘു  വംശത്തിലെ    പ്രസക്ത ഭാഗവുമായി താരതമ്യം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ കുടുതല്‍ മെച്ചപെട്ട ഒരു വയനക്കാരനക്കിയിരിക്കുന്നു.;ആശാന്റെയും കാളിദാസന്റെയും.
       ഡോ ലീലാവതിയുടെ യേറവും വലിയ സംഭാവന ആദി രുപങ്ങ ളെക്കുറിച്ചുള്ള അവരുടെ പുസ്തകമാണ് ആ വിഷയത്തില്‍ ലോകത്തെവിടെയും എഴുതപ്പെട്ട ഏറവും മികച്ച പുസ്തകങ്ങളില്‍ ഒന്നാണത്.ആശംസാ  പ്രസംഗങ്ങള്‍ നടത്തിയ ശിഷ്യ പ്രൊഫസര്‍ മാരി ലൊരാളും പക്ഷെ ആ പുസ്തകത്തെക്കുറിച്ച് ഒന്നും പറയുക ഉണ്ടായില്ല
ഡോ ലീലവതിയെ കു റിച്ച്ചെഴുതുംപോള്‍ വിസ്മരിച്ചു കൂടാത്ത  ഒന്നുകൂടി ഉണ്ട് .കവി ത്രയത്തെകുറിച്ചും ജി യെ കുറിച്ചും ഇടശേരി ,വയിലോപ്പിളി , ബാലാ മണി അമ്മ എന്നിവരെക്കുറിച്ചും എഴുതിയ അതെ ഗൌരവത്തോടെ തന്നെയാണ് അന്ന് കൌമാരം കടന്നിട്ടില്ലാത്ത ചുള്ളിക്കാടിനെ കുറിച്ചും അവര്‍ എഴുതിയത്                  മലയാളകവിതയിലെ ആധുനികത മനസ്സിലക്കാപ്പെട്ടതിലും  അന്ഗീ കരിക്ക പ്പെട്ടതിലും ഡോ ലീലാവതിക്ക് വലിയൊരു പങ്കുണ്ട്
         ഉലകം എന്കും വെള്ളയി പൂക്കള്‍

    എങ്ങും വെളുത്ത പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു ലോകത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു സംകല്‍പ്പമുന്ടോ? അസാധ്യമെന്നു തോന്നുമെങ്കിലും അതിമനോഹരമായ ഒരു കല്പന ആണല്ലോ  അത് .എന്തായാലും അങ്ങിനെ ഒരു തമിഴ് പാട്ടുണ്ട് .കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ .എ ആര്‍  റഹ്മാന് ഓസ്കാര്‍ കൊടുക്കേണ്ടിയിരുന്നത് ആ ഗാനത്തിനാണ്
   ആ ഗാനം ആസ്വദിക്കുന്നതിനു സാങ്കേതികമായ പരിജ്ഞാനം ആവശ്യമില്ല .പക്ഷെ അതിനെ കുറി ച്ചെ  ഴുതുംപോള്‍ ഒരു സാങ്കേതിക പദമെങ്കിലും ഉപയോഗികേന്ടിവരും. ബഹുസ്വരത എന്ന വാക്ക് നോവല്‍ വിമര്ശ നവുമായി  ബന്ധ പ്പെടുത്തിയാണ് ഈ ലേഖകന്‍ ആദ്യം കേള്‍ക്കുന്നത് .ബക്തിന്‍ എന്ന നിരൂപകന്‍  നോവലിലെ ഭാഷണ ഭേദങ്ങളുടെ  പ്രാധാന്യം വ്യക്തമാക്കാന്‍ വേണ്ടിയാണ് ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട ആ പദം polyphony - ബഹുസ്വരത -ഉപയോഗിച്ചത്. ആലാപനവും ലയ താള വാദ്യങ്ങളും ഒരുമിച്ച്‌ ഒരു ലയമുന്ടാവുന്നതാണല്ലോ സംഗീതം  .ചില വാദ്യങ്ങള്‍ ഒരു ലയത്തിലും മറ്റു ചില വാദ്യങ്ങള്‍ മറ്റു ചില ലയങ്ങളിലും അങ്ങിനെ വിഭിന്ന ലയങ്ങ ളുടെ    പരസ്പര ലയത്തിനാണ് polyphony  എന്ന് സംഗീത ശാസ്ത്ര കാരന്മാര്‍ പറയുന്നത് .പക്ഷെ ഒരുമൃദന്ഗവും ഒരു വയലിന്‍  ഉം  ഉപയോഗിച്ചുള്ള നമ്മുടെ കച്ചേരി കളില്‍ polyphony കേള്‍ക്കാന്‍ കഴിയുകയില്ല .
   ഈ സാഹചര്യത്തിലാണ് മുന്‍പറഞ്ഞ ഗാനം കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത് .ശ്രീ ലങ്കയിലെ തമിഴ് വം ശ   ജരുടെ സായുധ സമരമാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം .പ്രക്സുബ്ധമായ കടലിലൂടെ  ഇന്ത്യയില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥി സംഘം ,സ്ഫോടനങ്ങളുടെയും പീരങ്കി കളുടെയും ഗര്‍ജ്ജനം ;കടല്‍ ക്ഷോഭവും കൊടുങ്കാറ്റും ;ഇടിമുഴ ക്കങ്ങളുംമഴയും;
ഇതിനിടയില്‍ രക്ഷ പ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ഹൃദയത്തില്‍ നിന്നുറവെടുക്കുന്ന ഗാനം ; അവരുടെ ഹൃദയ മിടിപ്പ്  അവരുടെ പ്രതീക്ഷകള്‍ക്ക്  അകമ്പടി സേവിക്കുന്നത് പോലെ ഒരു ഗിടാര്‍ കമ്പിയില്‍ വിരല്‍ മുട്ടുന്ന ശബ്ദം പാടിന്നകംപടിയായി .ഈ ലയങ്ങ ളു ടെ   പ്ര ലയം ,അതിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ,ഏതു മഹാ വിപത്തിലും മനുഷ്യത്മാവ് പുലര്‍ത്തുന്ന ശുഭ പ്രതീക്ഷയും അവാച്യമായ ഒരനുഭൂതിയാണ് അനുവാചകനില്‍ സൃഷ്ടിച്ചത് .
    ഈ ഗാനത്തിന്റെ  ഒരു നൃത്താവിഷ്കാരം  കാണാനിടയായി ഈയിടെ .ഒരു സ്കൂള്‍ ദിനത്തില്‍ .അവിസ്മരണീയമായ ഒരനുഭവമായിരുന്നു അത് .പാട്ടിന്റെ  ബഹുസ്വരത -ഭീഷണമായ വിഭിന്ന സ്വര സംഘാതങ്ങളും അതിനടിയില്‍ മനുഷ്യന്റെ അസ്തിത്വത്തിന്റെ യും ശുഭ പ്രതീക്ഷയുടെയും നയ്സര്‍ഗികാവിഷ്ക്കാരമായി ഹൃ ദയ  മിടിപ്പിന്റെ അകമ്പടിയോടെ ഉ റ ന്നൊഴുകുന്ന ആ  ഗാനവും അതിനേറ്റവും അനുയോജ്യമായ നൃത്താവിഷ്കാരവും ;അതീവ ഹൃ ദ്യമായ ഒരനുഭവമായിരുന്നു അത് .പാടിയവര്‍ക്കും ചുവടു വെച്ചവര്‍ക്കും അവരെ പരി ശീലിപ്പിച്ചവര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭി നന്ദനങ്ങള്‍                 

Saturday, August 14, 2010

യാത്രയുടെ ആരംഭം
സുഹ്രത്തുക്കളെ യാത്ര തുടങ്ങുക ആണ് .കാണുന്നതൊക്കെ ഞാന്‍ വിളിച്ചു പറയും പിണങ്ങരുത്
സ്വന്തം കുറുപ്