Wednesday, March 9, 2016

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

No comments:

Post a Comment