19 -10 -2020
ഒരാൾ കൂടി ഓർമ്മയായി .വല്ലാത്ത കാലം .വയ്യ എന്നറിഞ്ഞിട്ട് ഒന്നുപോയി കാണാൻ കൂടി സാധിക്കാത്ത അവസ്ഥ ..ഒരു സഹപ്രവർത്തക എന്നു പറഞ്ഞാൽ ഒന്നും ആവുന്നില്ല .സ്നേഹിത ,പ്രിയസഹപ്രവർത്തക എന്നൊക്കെയായാലോ ?വാക്കുകൾക്ക് മനസ്സിലുള്ളതിനെ വെളിപ്പെടുത്തുന്നതിനുള്ള ശേഷിയില്ല .ഉപയോഗം കൊണ്ട് തലയും പുലിയും തേഞ്ഞു മാഞ്ഞുപോയ വിലയില്ലാത്ത ലോഹക്കഷണങ്ങൾ മാത്രമാണ് വാക്കുകൾ എന്ന് നീഷേ പറഞ്ഞത് എത്ര വാസ്തവം !
വാല്സല്യനിധിയായ ജ്യേഷ്ടസഹോദരി എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയായിരിക്കും .അങ്ങിനെ എന്തൊക്കെയോ ആയിരുന്നു എനിക്ക് ശാന്ത .അമ്പത്തൊന്നു കൊല്ലം മുമ്പ് ഏ ജിസോഫീസിൽ ജോലിക്കു ചേർന്ന ഞാൻ അവിടെ ആദ്യം പരിചയപ്പെട്ട സഹപ്രവർത്തക .പോസ്റ്റിങ്ങ് ഓർഡറുമായി പുന്നൻ റോഡിലെ വാടക കെട്ടിടത്തിലെ അനെക്സിലേക്ക് കടന്നു ചെന്നത് ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു .സൂപ്രണ്ട് അമ്മാൾ സാറ് ഓർഡർ ഇനിഷ്യൽ ചെയ്തു തന്നിട്ട് തന്റെ വലതു വശത്തേക്ക് വിരൽ ചൂണ്ടി .അവിടെയുള്ള സീറ്റിലാണ് കടലാസ് രജിസ്റ്ററിൽ ചേർക്കുന്നതും ഹാജർബുക്കിൽ പേരെഴുതുന്നതും .വിടർന്ന ചിരിയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത് .എല്ലാ ചിരിയിലും കാണാത്ത ഒന്ന് അവരുടെ ചിരിയിലുണ്ടായിരുന്നു ;ആർദ്രത ."ആദ്യം ഉള്ളിൽ വന്നൊറ്റി ക്കൊടുത്താൾ ആർദ്രത ഞങ്ങളായുധം വെച്ചു ..'ആർദ്രവാത്സല്യത്തിന്റെ പ്രകാശം പരത്തുന്ന ആ ചിരി മാഞ്ഞു .ഇന്നലെ വൈകുന്നേരം .ഇളയ സഹപ്രവർത്തക അമലയുടെ വാട്സ്ആപ് മെസ്സേജ് :'ശാന്തസാറ് 6 .45 pm നു മെഡിക്കൽ കോളേജിൽ വെച്ചു മരിച്ചു' .
അഞ്ചാറുമാസം മുമ്പ് ലോക്കഡൗണിന്റെ തുടക്കത്തിൽ അമലയുടെ ഒരു മെസ്സേജ് കിട്ടി .ശാന്തസാറിനെ ഒന്നു വിളിക്ക് ;ഇതാണ് നമ്പർ ....നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഞാൻ ഇടയ്ക്കു വിളിക്കാറുമുണ്ടായിരുന്നു .പിന്നീട് വിളികളുടെ ഇടവേള ദീർഘിച്ചു പോയതാണ് .ഞാൻ വിളിച്ചു .വാത്സല്യത്തിന്റെ ചിരി ,തെക്കൻ തിരുവിതാംകൂറിലെ ഗ്രാമീണ മലയാളം ,തമിഴിന്റെ ചുവ തീരെയില്ലാതെ ,പണ്ട് ഇടക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരാറുള്ള തൊടുവട്ടി കരുപ്പട്ടിയുടെ മധുരം കിനിയുന്ന സംസാരം .ഞാൻ പിന്നീട് ഇടയ്ക്കിടെ വിളിക്കുമായിരുന്നു .ഒടുവിൽ വിളിച്ചത് പത്തിരുപതു ദിവസം മുമ്പാണ് .വീണു കയ്യൊടിഞ്ഞതും ബാൻഡേജിട്ടതും തലമൊട്ടയടിച്ചതും ഒക്കെ പറഞ്ഞിട്ട് അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു 'കാണാൻ നല്ല രസമാണ് "എന്നിട്ട് ലേശം പരിഭവത്തോടെ 'പക്ഷേ കുറുപ് വരൂല്ലല്ലോ ".ഞാൻ നെടുങ്കാട്ടുള്ള അവരുടെ വീട്ടിൽ പോയിട്ടേയില്ല ,അവരും ഭാസ്കരൻ സാറും പലപ്പോഴും നിര്ബന്ധിച്ചിട്ടുണ്ടെങ്കിലും ..
ഇനിയിപ്പോൾ പോയിട്ടെന്തിനാ ?ശാന്ത വീടൊഴിഞ്ഞു പോയി .ഭാസ്കരൻ സാർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു .'ഗാതാസൂനഗതാസുംശ്ച '....'പാന്ഥർ പെരുവഴിയമ്പലം തന്നിലേ ' 'വികൃതിർ ജ്ജീവിതമുച്യതേ '....തത്വങ്ങളൊരുപാട് പറയാനുണ്ട് .പറയാൻ എന്തെളുപ്പം .പക്ഷേ സ്വന്ത ദുഃഖങ്ങൾ പോലും നേരമ്പോക്കാക്കുന്ന ആ ചിരി ഇനിയില്ലല്ലോ .
No comments:
Post a Comment